Skip to main content
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു ക്രിക്കറ്റ് മത്സരം കാണാനുള്ള ആവേശത്തോടെയാണ് പലരും ഒരു ഇന്ത്യാ- പാക് യുദ്ധം കാത്തിരിക്കുന്നത്. യുദ്ധത്തിന്‍റെ ഭീകരതകള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത, യുദ്ധമെന്നത് ഒരു വീഡിയോ ഗെയിമാണെന്ന് മനസിലാക്കിയിരിക്കുന്ന ഒരു തലമുറയില്‍ നിന്ന് അങ്ങനെയല്ലാതെ പ്രതീക്ഷിക്കാനും വയ്യ. പ്രധാനമായും രണ്ട് തെറ്റിദ്ധാരണകളാണ് ഒരു യുദ്ധമുണ്ടായാല്‍ തരക്കേടില്ല എന്ന് നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നത്. ഒന്ന്‍, പാകിസ്ഥാനോട് ഇന്ത്യക്ക് എളുപ്പം ജയിക്കാനാവുമെന്നത്. രണ്ട്, യുദ്ധം അങ്ങ് കാശ്മീരിലല്ലേ, നമുക്കിവിടെ ഗാലറിയിലിരുന്ന് കളി കാണാമെന്നത്. രണ്ടും ഭീമാബദ്ധങ്ങളാണ്. യുദ്ധത്തിന്‍റെ സാങ്കേതികാര്‍ത്ഥത്തില്‍ ഇന്ത്യക്ക് പാകിസ്ഥാനെ തോല്‍പ്പിക്കാനായേക്കും. പക്ഷെ ആരാണ് ജയിക്കുന്നത്? കോടിക്കണക്കിനു ജനങ്ങളെ തലമുറകളോളം ദുരിതത്തിലേക്ക് തള്ളിവിട്ടിട്ട് എന്ത് ജയമാണ് നാം നേടാന്‍ പോകുന്നത്? ആണവ ശക്തിയായ, ഒട്ടും ഉത്തരവാദിത്ത ബോധമില്ലാത്ത ഒരു ഭരണകൂടമുള്ള പാകിസ്ഥാനോട് യുദ്ധത്തിനു പോകുന്നത് തീര്‍ത്തും ആത്മഹത്യാപരമായിരിക്കും. ഒരു യുദ്ധത്തിലേക്ക് പോയാല്‍ മൂല്യങ്ങളും അന്താരാഷ്‌ട്ര നിയമങ്ങളുമൊക്കെ പാകിസ്ഥാനേക്കാള്‍ ഇന്ത്യക്ക് ഭാരമാവുകയും ചെയ്യും. 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് 20 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ എളുപ്പം തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ അതിന്‍റെ ഒരു മറുവശമുണ്ട്. അവര്‍ക്ക് ഇരുപത് കോടി ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിച്ചാല്‍ മതിയാകും, നമുക്ക് നൂറ്റിമുപ്പത് കോടി ജനങ്ങളുടെ ദുരിതങ്ങള്‍ കാണേണ്ടി വരും (യുദ്ധ ശേഷം ഇരു രാജ്യത്തും മനുഷ്യര്‍ ബാക്കിയുണ്ടാവുകയാണെങ്കില്‍!!)
അവിടെ യുദ്ധം നടക്കട്ടെ, നമുക്ക് ടി.വി. യില്‍ കളി കാണാം എന്ന ചിന്തയാണ് ഏറ്റവും ഭീകരം. ബോംബോ മിസൈലോ ഒന്നും കേരളത്തിലേക്കെത്തിയില്ലെങ്കിലും യുദ്ധാനന്തര കെടുതികള്‍ ഏറ്റവും ഭീകരമായി അനുഭവിക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിലൊന്ന്‍ കേരളമായിരിക്കും. (പാകിസ്ഥാനില്‍ നിന്ന് തോടുത്താല്‍ ഇങ്ങ് കേരളം വരെ എത്തുന്ന മിസൈലുകള്‍ പാകിസ്ഥാന്‍റെ കയ്യിലുണ്ട് എന്നത് മറക്കുന്നില്ല) മറ്റുള്ളവര്‍ക്കെല്ലാം രണ്ടു നേരം തിന്നാനുള്ള അരിയും ഗോതമ്പുമെങ്കിലും അവരുടെ മണ്ണില്‍ നിന്ന് കിട്ടിയേക്കും. നമുക്കൊരിക്കലും കോണ്ക്രീറ്റ് കാടുകളില്‍ നിന്ന് കൊയ്തെടുത്ത് വിശപ്പടക്കാനാവില്ല; റബര്‍ പാലുകുടിച്ച് ദാഹമകറ്റാനും കഴിയില്ല. പാകിസ്ഥാനോടുള്ള യുദ്ധത്തെ, ഇന്ത്യ ഒരു മുസ്‌ലിം രാജ്യത്തെ ആക്രമിക്കുന്നു എന്ന തരത്തില്‍ അറബ് രാജ്യങ്ങള്‍ കാണാനിടയായാല്‍ നമുക്ക് കിട്ടുന്ന എണ്ണപ്പണവും നിലച്ചുപോകും.
ഒരു യുദ്ധമുണ്ടാവുമ്പോള്‍ മാത്രമായിരിക്കും ചൈനയുള്‍പ്പെടെ നമ്മുടെ അയല്‍ക്കാര്‍ അതിനെ എങ്ങനെ മുതലാക്കുമെന്നും, അമേരിക്കയുള്‍പ്പെടെ നമ്മുടെ 'സഖ്യകക്ഷികള്‍' എങ്ങനെ കാലുവാരുമെന്നും നാം തിരിച്ചറിയുക. യുദ്ധമുണ്ടാകുന്ന പക്ഷം രാജ്യത്തിനകത്തെ സകലമാന വിഘടനവാദികളും രാജ്യത്തിനെതിരെ ഐക്യപ്പെടുകയും ചെയ്യും.
രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ച് നാം ആവേശം കൊള്ളുന്നത് സ്വയം ശവക്കുഴി തോണ്ടുന്നതിനു തുല്യമാണ്. ഹാഷ് ടാഗുകള്‍ കൊണ്ടോ സ്മൈലികള്‍ കൊണ്ടോ തീര്‍ക്കാവുന്നതല്ല യുദ്ധവും യുദ്ധാനന്തര കെടുതികളും എന്ന് എന്നാണ് നാം തിരിച്ചറിയുക?!
കടപ്പാട് : FB
Popular posts from this blog
Comments
Post a Comment