Skip to main content
നോക്കൂ, എത്ര പെട്ടെന്നാണ് നമ്മൾ ഭീതിയുടെ കരിമ്പടത്തിനുള്ളിൽ അകപ്പെട്ടു പോയത്. കണ്ണിൽ ഇരുട്ട് കയറിയത്. ഫാഷിസം ഒന്നും ചെയ്തിട്ടില്ല. പൗരന്മാരല്ലാതാക്കും എന്ന ഒറ്റ ഭീഷണി. ആ ഭീഷണി കേട്ട് ഉറക്കം നഷ്ടപ്പെട്ട എത്ര മനുഷ്യർ! നമ്മെ ഭയപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ആ കെണിയിൽ വീണു പോകരുത്. ഇന്നലത്തെ ദിവസം എനിക്കു മറക്കാനാവില്ല. പൗരത്വ ബില്ലുമായി ബന്ധപ്പട്ട ഒരു വീഡിയോ ചെയ്ത ശേഷം എത്ര മനുഷ്യരാണ് വിളിച്ചത്! ഏതെല്ലാം ദേശങ്ങളിൽനിന്ന്! അവരെല്ലാം ചോദിക്കുന്നത് രേഖകളെക്കുറിച്ചാണ്. എന്റെ വല്ല്യുപ്പ, എന്റെ വല്ല്യുമ്മ എന്നൊക്കെ പറയുന്നതു കേട്ടു. പലതും കേൾക്കാൻ പോലും കഴിയാതെ ഞാൻ കേട്ടുവെന്ന് ഭാവിച്ചു. അവരുടെ ശബ്ദത്തിൽ വിറയലുണ്ട്. ഭയമുണ്ട്. സ്വന്തം പൗരത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറായിരിക്കുകയാണ് അവർ.വിളിക്കുന്നത് മലയാളി മാപ്പിളമാരാണ്. നാലു നൂറ്റാണ്ടിലേറെ കാലം രക്തവും ജീവനും നൽകി സാമ്രാജ്യത്വത്തോട് പോരാടിയവരുടെ പിന്മുറക്കാർ. ഭയമെന്ന വാക്കു പോലും അനുഭവിക്കാൻ പാടില്ലാത്തവർ. നീ ഇന്ത്യക്കാരൻ ആണോടാ എന്നു ചോദിക്കുന്നവനോട് ചെലക്കാതെ പോടാ എന്നു പറയേണ്ടവൻ. ഭയം വിതരണം ചെയ്യുക എളുപ്പമാണ്. പക്ഷേ, അതിന്റെ ദുരന്തം വലുതായിരിക്കും. ഇതിലും വലിയ പെരുന്നാളുകൾ കടന്നുവന്നിട്ടാണ് ഇമ്മട്ടിൽ ജീവിക്കുന്നതെന്ന ചരിത്രബോധം നമ്മുടെ സിരകളിലുണ്ടാകണം. ഈ നാട്ടിൽ ജനിച്ചിട്ടുണ്ടെങ്കിൽ, ഈ മണ്ണു വാരിയെടുക്കുമ്പോൾ ഉപ്പൂപ്പമാരുടെ ചോരയുടെ മണം കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾ ഭയപ്പെടരുത്. നമ്മൾ അഭിമാനത്തോടെ ജീവിക്കാൻ വേണ്ടിയാണ് അവർ പറങ്കികളുടെയും വെള്ളക്കാരുടെയും തോക്കിനു മുന്നിലേക്ക് ചാടിവീണത്. ധൈര്യമായിരിക്കുക. പൗരത്വ ഭേദഗതിയല്ല, അതിലപ്പുറം വന്നാലും ഒരു ചുക്കും സംഭവിക്കില്ല. നമ്മൾ അഭിമാനത്തോടെ ജീവിച്ചു മരിക്കും. നമ്മുടെ മക്കളും. -ഷെരീഫ് സാഗർ
Comments
Post a Comment