Skip to main content
എത്ര സത്യമായ വാക്കുകൾ 🙏
*ഞാൻ എന്ന കപട പരിസ്ഥിതി സ്‌നേഹി*
എന്റെ വീടിന്റെ തറകെട്ടുവാൻ എനിക്ക് കരിങ്കൽ ആവശ്യമുണ്ടായിരുന്നു. അടുത്തുള്ള ക്വാറിയിൽ നിന്നും ആവശ്യത്തിനുള്ള കരിങ്കല്ലു കിട്ടി. വീടിന്റെ ചുമരുകെട്ടുവാൻ എനിക്ക് ചെങ്കല്ല് ആവശ്യമുണ്ടായിരുന്നു. ചെങ്കൽ ക്വാറികളിൽ നിന്നും അതും ഇറക്കി. ചുമരുകെട്ടാൻ മണൽ ഇപ്പോൾ ലഭിക്കാത്തതു കൊണ്ട് പാറപൊടി വേണമായിരുന്നു, വീട് വാർക്കാൻ മെറ്റൽ വേണമായിരുന്നു, M sand വേണമായിരുന്നു, വീട് തേക്കാൻ P sand വേണമായിരുന്നു, നിലം കോൺക്രീറ്റ് ചെയ്യാൻ മെറ്റൽ വേണമായിരുന്നു. ഇതൊക്കെ എനിക്ക് അടുത്തുള്ള ക്വാറിയിൽ നിന്നും ലഭിച്ചു. അങ്ങനെ ഞാൻ എന്റെ വീട് പണി തീർത്തു. വീടുപണി കഴിഞ്ഞപ്പോൾ എന്റെ മുറ്റത്തു ചെളി ആകാതിരിക്കാൻ മുറ്റത്തിടാൻ മെറ്റൽ ചില്ലി വേണമായിരുന്നു. അതും ക്വാറിയിൽ നിന്നും ലഭിച്ചു. എന്റെ വണ്ടി ഓടിക്കുവാൻ എനിക്ക് നല്ല റോഡുകൾ വേണമായിരുന്നു. അതുകൊണ്ട് മൺപാതകൾ ടാറിട്ട റോഡുകളായി പരിണമിച്ചു. ടാർ ഒഴികെ ബാക്കിയെല്ലാം ക്വാറി കൊടുത്തു. റോഡ് പോകുന്ന വഴിയിൽ വെള്ളമൊഴുകുന്ന തോടുകൾ ഉണ്ടായിരുന്നു. റോഡിന്റെ സൗകര്യത്തിനു വേണ്ടി തോടിന്റെ സൈഡുകൾ കെട്ടി ചെറുതാക്കി ഒരുപാട് പാലങ്ങൾ പണിതു. പാലത്തിനു ബലമേകിയത് ഈ ക്വാറികളിലെ ഉത്പന്നങ്ങൾ തന്നെ. ഇടക്ക് റോഡിൽ കുഴികൾ വീണപ്പോൾ ഞാൻ ഉറക്കെ പ്രതികരിച്ചു. Pwd വന്നു ക്വാറി വേസ്റ്റ് ഇട്ടു താത്കാലികമായി കുഴികൾ നികത്തി. പിന്നീട് ടാറിട്ട് പഴയപോലെയാക്കി. അപ്പോഴും മെറ്റൽ തന്നത് ക്വാറികൾ തന്നെ. എന്റെ പറമ്പിൽ വെള്ളം കെട്ടി നിൽകുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് വെള്ളമെല്ലാം ഞാൻ ഒഴുക്കി വിട്ടു. എന്റെ മുറ്റത്തു വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഇന്റർലോക്ക് ഇട്ടു മുറ്റം മനോഹരമാക്കി. എന്റെ പറമ്പുകളിൽ വലിയ മരങ്ങൾ ഉണ്ടായിരുന്നു. മഴക്കാലമായാൽ വേരുകൾ കൊണ്ട് മണ്ണിനെ മുറുക്കെ പിടിക്കുന്ന മഴവെള്ളം ഭൂമിയിലേക് ഇറങ്ങാൻ സഹായിക്കുന്ന ഒരുപാട് മരങ്ങൾ. പക്ഷെ എനിക്ക് പണം വേണമായിരുന്നു. അതുകൊണ്ട് കുന്നിൻ മുകളിലെ മരങ്ങളെല്ലാം വെട്ടി ഞാൻ റബ്ബർ വളർത്തി. ഞാൻ നികത്തിയ, മഴക്കാലത് വെള്ളം കെട്ടിനിൽക്കുന്ന വയലുകൾ എന്നെ അലോസരപ്പെടുത്തുന്നില്ല.. എന്റെ പ്രശ്നം വെള്ളം കയറി മുങ്ങിയ വീടുകളാണ്. ഞാൻ വെട്ടിയ മരങ്ങൾ എന്നെ അലോസരപ്പെടുത്തുന്നില്ല. എന്റെ പ്രശ്നം ഉറപ്പു നഷ്ടപ്പെട്ടു ഇടിഞ്ഞു വീഴുന്ന മലകളാണ്. ഞാൻ എന്റെ സൗകര്യത്തിനു തടഞ്ഞു നിർത്തിയ, വഴിമാറ്റി വിട്ട, കെട്ടി ചെറുതാക്കിയ വെള്ളമൊഴുകുന്ന ചാലുകൾ, തോടുകൾ ഇവയെ കുറിച്ചൊന്നും ഞാൻ ചിന്തിക്കാറില്ല. എന്റെ പ്രശ്നം ഇതൊക്കെ തകർത്തു കുത്തിയൊലിച്ചു വരുന്ന വെള്ളം എന്റെ വീടും പറമ്പും കൃഷിയും നശിപ്പിക്കുമോ എന്നതാണ്. എനിക്ക് ചുറ്റുമുള്ള ക്വാറികൾ അതീവ പരിസ്ഥിതി ലോല പ്രദേശത്താണോ സ്ഥിതി ചെയുന്നത് എന്നത് ഞാൻ നോക്കാറില്ല. എന്റെ പ്രശ്നം ക്വാറികളിൽ ജോലിചെയുന്നവർക്ക് ജോലി നഷ്ടപ്പെടുമോ എന്നതാണ്, അവിടെ സർവീസ് നടത്തുന്ന ലക്ഷങ്ങൾ മുടക്കി ടിപ്പർ വാങ്ങിയ.ഉടമകൾക്കും ഡ്രൈവർമാർക്കും ജോലി നഷ്ടപെടുമോ എന്നതാണ്, ക്വാറിയിലെ കല്ലും പൊടികളും മെറ്റലും പ്രതീക്ഷിച്ചു ജോലി ചെയുന്ന കൺസ്ട്രക്ഷൻ മേഖലയിലെ പതിനായിരങ്ങൾക് ജോലി ഉണ്ടാവുമോ എന്നതാണ്. തന്റെ ജീവിതത്തിലെ സമ്പാദ്യങ്ങൾ കൂട്ടി വച്ചു വീട് പണിയുന്ന സുഹൃത്തുക്കളുടെ സ്വപ്‌നങ്ങൾ തകരുമോ എന്നതാണ്. എനിക്കിപ്പോൾ എല്ലാമായി. വീടായി. വണ്ടി ഓടിക്കുവാൻ നല്ല റോഡുകൾ ആയി.
ഇപ്പോൾ ഞാൻ കടുത്ത പരിസ്ഥിതി സ്‌നേഹി ആണ്. ക്വാറികളാണ് എന്റെ പ്രധാന വിമർശനം ഏറ്റുവാങ്ങുന്നത്. ഇപ്പോൾ കുടിവെള്ള ക്ഷാമം ഉണ്ടാകുമ്പോൾ ഞാൻ അതിശക്തമായി പ്രതികരിക്കുന്നു. ഉരുൾപൊട്ടുമ്പോൾ ഞാൻ രോഷം കൊള്ളുന്നു. അതൊക്കെ കണ്ട് ഒരുപാട് പേർ എന്നെ പിന്തുണക്കുന്നു. പക്ഷെ അവരാരും അറിയുന്നില്ല, ഈ ദുരന്തങ്ങൾ ഉണ്ടാകാൻ ഞാൻ വഹിച്ച പങ്ക്.
കടപ്പാട് Lijin Cr Pasukkadav
Popular posts from this blog
Comments
Post a Comment