Skip to main content
-ഒരു പോരാട്ടത്തിന്റെ കഥ -
എബോള ബാധിച്ചു മരിച്ചു , മരണ സംഖ്യ
കൂടുന്നു .. നമ്മൾ പലവട്ടം വായിച്ചു വിട്ട ന്യൂസ്
തലക്കെട്ട് .. വായിക്കുമ്പോൾ മനസ്സിൽ ഒരു
സങ്കടം തോന്നുമെങ്കിലും എന്തൊക്കെ ആണേലും അതങ്ങു ആഫ്രിക്കയിൽ അല്ലെ എന്ന് നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും .. എല്ലവരെയും പോലെ ഞാനും ..
ബാംഗ്ലൂരിൽ നിന്ന് കോഴിക്കോടേക്ക് BMH ലോട്ട് വന്നിട്ട് അധിക നാൾ ആയിട്ടുണ്ടായില്ല .. എല്ലാവരെയും പോലെ കോഴിക്കോട് എന്ന വികാരം പെട്ടെന്ന് നെഞ്ചിലേറ്റി .. ഡ്യൂട്ടിയുടെ ക്ഷീണം പലപോഴും തീർത്തിരുന്നത് ബീച്ചിലും ഹോട്ടലുകളിലുമാണ് ..
ആ ആഴ്ച നൈറ്റ് ഡ്യൂട്ടി ചെയ്തോണ്ടിരിക്കുവായിരുന്നു .. പതിവ് പോലെ വൈകുന്നേരം ഡ്യൂട്ടിക്ക് എത്തിയപ്പോ ആരൊക്കെയോ എന്തൊക്കെയോ പറയുന്നത് കേട്ടു .. അല്ലേലും വൈകുന്നേരം ഡിപ്പാർട്മെന്റിൽ വന്നാൽ കുറച്ചു സമയമെടുക്കും ഒന്ന് അഡ്ജസ്റ്റ് ആവാൻ അതിന്റെ ഇടയിലാണ് എന്തോ വൈറസിനെ പറ്റി പറയുന്നത് .. Nipha എന്നൊക്കെ പറഞ്ഞു കേട്ടൂ , എന്തായാലും പേഷ്യന്റ്സിനെ ഹാൻഡിൽ ചെയ്യുമ്പോ PPE ഉപയോഗിക്കണമെന്ന് മനസ്സിലായി ..
തിരക്കിലെങ്കിലും എന്റെ നൈറ്റ് ഡ്യൂട്ടിക് വെളുപ്പാൻ കാലത്തു ഒരു പേഷ്യന്റ് സ്ഥിരം ഉണ്ടാകാറുണ്ട് .. പതിവ് പോലെ എമർജൻസിയിൽ നിന്ന് കാൾ വന്നു , വെന്റിലേറ്റ് ചെയ്ത ഒരാൾക്ക് CT ബ്രെയിൻ ചെയ്യണം തലയിൽ ബ്ലീഡിങ് വല്ലതും ഉണ്ടോന്നറിയാനാണ് CT ചെയുന്നത് .. പാതി ഉറക്കപിച്ചിലായിരുന്നു പേഷ്യന്റ് വന്നപ്പോ ..
Nipha ഒക്കെ ഉള്ളതല്ലേ ഒരു ഗ്ലോവ്സ് എടുത്ത് ഇട്ടു , ട്രോളിയിൽ നിന്ന് ഷിഫ്റ്റ് ചെയ്യാൻ ഞാനും കൂടി .. പേഷ്യന്റ്നെ സെറ്റ് ചെയ്ത് സ്കാൻ ചെയ്തു കഴിഞ്ഞപ്പോ തലയിൽ ബ്ലീഡിങ് ഒന്നുമില്ലെന്ന് മനസ്സിലായി .. പേഷ്യന്റ്നെ MICU വിലോട്ട് ഷിഫ്റ്റ് ചെയ്തു ..
പിറ്റേന്ന് കാലത് ആരോ പറയുന്നത് കേട്ടു തലേന്ന് ഞാൻ സ്കാൻ ചെയ്ത പേഷ്യന്റ്ഇന് NIPHA കൺഫോം ചെയ്തൂന്ന് .. അപ്പോഴേക്കും NIPHAയെ പറ്റി ഏകദേശ ധാരണ വന്നിരുന്നു .. ഉള്ളിന്റെ ഉള്ളിൽ നല്ല ഭയം തോന്നിത്തുടങ്ങി .. കൂടെ വർക്ക് ചെയ്യുന്നവരും പകൽ ഇത് പോലെ മറ്റു പലർക്കും സ്കാൻ ചെയ്തൂന്ന് അറിഞ്ഞു ..
ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തി ഉറങ്ങാൻ ആയി കിടന്നു .. നൈറ്റ് ഡ്യൂട്ടിടെ ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങി പോയി .. മൊബൈൽ ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് എണീറ്റത് .. കൂടെ ജോലി ചെയുന്ന സനോജ് ആയിരുന്നു .. " ഡാ നി ഇന്നലെ സ്കാൻ ചെയ്ത ആ പേഷ്യന്റ് ഇന്ന് കാലത്തു പോയി ,Tvയിൽ ഫ്ലാഷ് ന്യൂസ് പോകുന്നുണ്ട് " “മ്മ്” എന്ന് മാത്രം ഞാൻ മൂളി ..
കാലിന്റെ പെരു വിരൽ തൊട്ട് തല വരെ ഒരു തണുപ്പ് വന്നു നിറഞ്ഞു ..അത് വരെ NIPHA ടെ പേടി വന്നിരുന്നില്ല .. ഫോൺ എടുത്ത് ഫ്ലാഷ് ന്യൂസ് തിരഞ്ഞു .. അവൻ പറഞ്ഞത് ശരിയാണ് .. “കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ നിപ ബാധിച്ച ആൾ ഇന്ന് കാലത്തു മരണപ്പെട്ടു ..” ന്യൂസ് കൂടി കണ്ടതോടെ മനസ്സ് ശൂന്യമായി പോയി .. ഒരു തരം തൂക്കു കയർ വിധിച്ച മരണം മുന്നിൽ കാണുന്ന പ്രതിയുടെ മാനസികാവസ്ഥ പോലെ .. വാർത്ത അറിഞ്ഞ ശേഷം ഉറങ്ങാൻ പറ്റിയില്ല ..
വൈകുന്നേരം ഡിപ്പാർട്മെന്റിൽ എത്തിയപ്പോഴും എല്ലായിടത്തും ഭയങ്കര ശാന്തത .. എപ്പഴും ആക്റ്റീവ് ആയി നിക്കുന്ന സ്ഥലം ഒരു മരണ വീട് പോലെ എനിക്ക് തോന്നി .. ഇതിനു മുൻപ് മരിച്ച ആൾക്കാരെ സ്കാൻ ചെയ്ത ജോഷി ചേട്ടനും ജംസലുമൊക്കെ ഏകദേശം ഒരേ മാനസികാവസ്ഥയിൽ ആയിരുന്നു .. എല്ലാവര്ക്കും സംസാരിക്കാൻ ഒരൊറ്റ വിഷയം മാത്രം “നിപ്പ” ...
നൈറ്റ് ഡ്യൂട്ടി മാറി ഡേ ഡ്യൂട്ടി ആയി ..എന്നും തിരക്ക് പിടിച്ചിരുന്ന ആശുപത്രി വരാന്തകളിൽ ആരുമില്ലാതെ ആയി ..മാസ്ക് കൊണ്ട് മറച്ച ആൾക്കാരുടെ കണ്ണുകൾ ഭയം കൊണ്ട് നിറഞ്ഞത് കാണാമായിരുന്നു .. സംസാരങ്ങളിൽ ഇടയ്ക്കിടയ്ക്കായി നിപ്പ കേറി വന്നു .. ആരൊക്കെയോ ജോലി നിർത്തി പോയെന്ന് കേട്ടൂ .. വീട്ടിൽ നിന്നുള്ള ഫോൺ വിളികളുടെ എണ്ണം കൂടി വന്നു .. ജോലി നിർത്തി പോരാൻ വരെ കാര്യങ്ങളെത്തിയപ്പോ സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം സ്വകാര്യ ആശുപത്രികളിലുള്ള നിപ്പ രോഗികളെ സർക്കാർ ആശുപതികളിലേക്ക് മാറ്റി എന്ന് കള്ളം പറഞ്ഞു ..അത് പറയുമ്പോഴും രണ്ടു നിപ്പ രോഗികൾ ഐസിയുവിൽ ഉണ്ടായിരുന്നു .. 20 ദിവസം വരെ ആണ് രോഗാവസ്ഥ കാണിച്ചു തുടങ്ങാൻ ഉള്ള സമയമെന്ന് അറിയാവുന്നത് കൊണ്ട് വീട്ടിലോട്ട് ആ കാലയളവിൽ പോയില്ല .. ശരിക്കും ഓരോ ദിവസവും എണ്ണി എണ്ണി തീർക്കുക ആയിരുന്നു ..
സർവ്വതും മാറി പോയിരുന്നു .. റോഡിൽ വാഹനങ്ങൾ തീരെ ഇല്ലാതായി ,കടകൾ തുറക്കുന്നില്ല , ഹോസ്പിറ്റലുകളിലോട്ട് ഓട്ടോക്കാര് പോലും വരാതായി ഇനി വരുന്നവർ പതിവിലധികം രൂപ വാടക ചോദിച്ചു തുടങ്ങി .. എന്നും നിറഞ്ഞു നിന്നിരുന്ന കോഴിക്കോട് നഗരം കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ചുരുങ്ങി പോയി .. മാനാഞ്ചിറയും,ബീച്ചും ,മുട്ടായി തെരുവുമൊക്കെ ബഹളങ്ങളില്ലാതെ തനിച്ചായി പോയി ..
ഒരു ദിവസം ആരോ പറഞ്ഞറിഞ്ഞു ഹോസ്പിറ്റലിലെ ഒരു ചേട്ടൻ കടുത്ത പനിയും ശര്ദിയുമൊക്കെ ആയി അഡ്മിറ്റ് ആയിന്ന് .. നിപ്പ വന്നു മരിച്ച ആളുടെ ശരീരം കൊണ്ട് പോകാൻ ഉള്ള കാര്യങ്ങൾ കൈകാര്യം ചെയ്തത് പുള്ളി ആണെന്ന് കൂടി അറിഞ്ഞതോടെ നിപ്പ വന്നതാണെന്ന് ആളുകൾ പറഞ്ഞു തുടങ്ങി .. കേട്ടപ്പോ തന്നെ വല്യ പരിജയം ഇല്ലാഞ്ഞിട്ട് കൂടി ആ ചേട്ടന് മെസ്സേജ് അയക്കണമെന്ന് കരുതി പക്ഷെ ആദ്യം ധൈര്യം വന്നില്ല .. ഒരു ലക്ഷണവും കാണിക്കാത്ത എനിക്ക് ഇത്രയും ഭയം തോന്നിയിട്ടുണ്ടെങ്കിൽ എല്ലാ ലക്ഷണവും കാണിക്കുന്ന ആളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കുമെന്ന് അറിയില്ലായിരുന്നു .. പിറ്റേന്ന് ആരോ പറഞ്ഞു ആ ചേട്ടന്റെ റിപ്പോർട്ട് വന്നു എല്ലാം നോർമൽ ആണെന്ന് ..
FB മെസ്സെൻജെർ വഴി റിപ്പോർട്സ് നോർമൽ ആണെന്ന് അറിഞ്ഞതിൽ സന്തോഷം തോനുന്നു എന്ന് പറഞ്ഞു ഒരു മെസ്സേജ് അയച്ചു .. പക്ഷെ നന്ദി, റിപ്പോർട്ട് വന്നിട്ടില്ല എന്ന് റിപ്ലൈ വന്നു .. സാരമില്ല പേടിക്കണ്ട ഒന്നും തന്നെ ഉണ്ടാകില്ല എന്ന് പറഞ്ഞു ഞാൻ നിർത്തി ... ആരുമല്ലാഞ്ഞിട്ടു കൂടി ഉള്ളിൽ സങ്കടം തോന്നി അറിയാതെ കണ്ണ് നിറഞ്ഞു .. ഇനി എങ്ങാനും നിപ്പ ആണെങ്കിൽ മരിക്കുന്ന വരെ ആരെയും കാണാതെ മരിച്ചു കഴിഞ്ഞാൽ കത്തിച്ചു കളയേണ്ടി വരുന്ന അവസ്ഥ ..
അയാളുടെ മാനസികാവസ്ഥയിലൂടെ ഞാനും കടന്നു പോവുക ആയിരുന്നു .. റിപ്പോർട്ട് വന്ന്നൂ നോർമൽ ആണെന്ന് മെസ്സേജ് കിട്ടി .. ആരുമല്ലാഞ്ഞിട്ടു കൂടി എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഒരുപക്ഷെ അന്നാ റിപ്പോർട്ട് പോസിറ്റീവ് ആയിരുന്നെങ്കിൽ ബാക്കി ഉള്ളവർ ഉരുകി ഉരുകി തീർന്നേനെ ..
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങൾ .. നിപ്പ കാലഘട്ടം കഴിഞ്ഞു ,ഒരു ദിവസം ഡ്യൂട്ടിക്ക് വന്ന നഴ്സിംഗ് സ്റ്റാഫിനോട് എങ്ങനെ ഉണ്ടായിരുന്നു നിപ്പ ദിവസങ്ങൾ എന്ന് ചോദിച്ചപ്പോൾ .. "വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തുമ്പോ ഓടി വരുന്ന മോളെ അകറ്റി നിർത്തേണ്ട അവസ്ഥ , കുളിക്കുമ്പോഴെങ്ങാനും വ്ര്യതിയായി തല തുടക്കാതെ പനി വന്നാൽ വീട്ടിൽ നിന്ന് മാറി നിക്കേണ്ടി വന്നാലോ എന്നാലോചിച്ചു കഴിഞ്ഞ ദിവസങ്ങൾ "ഇതൊക്കെ ആയിരുന്നു നിപ്പ ദിവസങ്ങൾ ..
ഒരു മാസത്തിനു മുകളിൽ എടുത്തു കാര്യങ്ങൾ ഒക്കെ പഴയ പോലെ ആകാൻ ..ഇന്നിപ്പോ ആ ദിവസങ്ങൾ ഒക്കെ സിനിമ ആകുന്നെന്നു കേട്ടു ..
"വൈറസ് " എന്ന സിനിമ എന്ത് കഥ തന്നെ പറഞ്ഞാലും ഓരോ കോഴിക്കോട്ടുകാരനും ഓരോ കഥ പറയാൻ ഉണ്ടാകും , ഒരു പോരാട്ടത്തിന്റെ കഥ ..പോരാടി തോൽപ്പിച്ച വൈറസിന്റെ കഥ ...
നെഞ്ച് വിരിച്ചു പറയാം ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണ് നിപ്പയെ പൊരുതി തോൽപ്പിച്ച കോഴിക്കോട്ട്കാരൻ ..
✍🏻ജസ്വിൻ
Popular posts from this blog
Comments
Post a Comment