SSLC, +2 പരീക്ഷകൾ മാറ്റിവച്ചത് ആർക്ക് വേണ്ടി ? ? ?എന്തായാലും പരീക്ഷയെഴുതുന്ന കുട്ടികൾക്ക് വേണ്ടിയല്ല.പഠിപ്പിക്കാൻ വിടുന്ന രക്ഷിതാക്കൾക്ക് വേണ്ടിയല്ല. വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കും വേണ്ടിയല്ല.പിന്നെ... സർക്കാർ പക്ഷം ചേർന്ന് നിൽക്കുന്ന ചില അദ്ധ്യാപക സംഘടനകളുടെ രാഷ്ട്രീയ പ്രവർത്തന താൽപ്പര്യം മാത്രം.!കോവിഡ് പ്രതിസന്ധി മൂലം യദാർത്ഥത്തിൽ ഈ വർഷം കുട്ടികൾക്ക് പൂർണ്ണമായ വിദ്യാലയ വർഷം ലഭിച്ചിട്ടില്ല. ഡിസംബർ അവസാനവാരം മാത്രമാണ് SSLC ,+2 പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഭാഗികമായെങ്കിലും സ്ക്കൂൾ തുറക്കുന്നത്. ഓൺലൈൻ പഠനം മാത്രം ലഭിച്ച കുട്ടികളുടെ നിലവാരമെന്തായിരുന്നുവെന്ന് പഠിപ്പിക്കുന്ന അദ്ധ്യാപകരോട് ചോദിച്ചാലറിയാം. 2 മാസക്കാലം നീണ്ട നിരന്തര പ്രയത്നത്തിൻ്റെ ഭാഗമായി അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തു പിടിച്ച് ഒരു വിധത്തിൽ പരീക്ഷക്ക് തയ്യാറായി ,മോഡൽ പരീക്ഷയും കഴിയുമ്പോഴാണ് തികച്ചും അശാസ്ത്രീയമായ പരീക്ഷാ മാറ്റം. മോഡൽ പരീക്ഷ കഴിയുന്ന കുട്ടിയുടെ മുന്നിൽ പീന്നീട് പരീക്ഷ മാത്രമാണുള്ളത് എന്ന് എന്തേ അറിയാതെ പോയത്. ഇനി കൊട്ടിക്കലാശവും തെരഞ്ഞെടുപ്പും ഒക്കെ ക്കഴിഞ്ഞ് കൊടും ചൂട് കാലത്ത്, റംസാൻ നോമ്പ് കാലത്ത് പരീക്ഷക്ക് വീണ്ടും തയ്യാറാകേണ്ടി വരുന്ന കുട്ടികളുടെ മനോവേദന ആരറിയാൻ.? രക്ഷിതാക്കളുടെ ആശങ്കകൾക്ക് ആര് അറുതി വരുത്തും?ഏപ്രിൽ 6 ന് നടക്കുന്ന തെരഞ്ഞെടുപ്പ് മാർച്ച് 27 ന് അവസാനിക്കുന്ന പരീക്ഷയെ എങ്ങിനെയാണ് ബാധിക്കുന്നത്.? പ്രിസൈഡിംഗ് ഓഫീസർമാർക്കും പോളിംഗ് ഓഫീസർമാർക്കും ലഭിക്കേണ്ട പരിശീലനം പരീക്ഷക്കാലത്തിനിടക്കുള്ള വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്താമായിരുന്നില്ലേ ?തുടർ ഭരണമെന്ന ലക്ഷ്യത്തിൻ്റെ പേരിൽ തങ്ങളെ അനുകൂലിക്കുന്ന സംഘടനകൾ പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങുമ്പോൾ യാദാർത്ഥ്യ ബോധം എന്തേ ഇല്ലാതെ പോയത് ?കേവലം രാഷ്ട്രിയ താൽപ്പര്യങ്ങൾക്ക് വേണ്ടി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ താൽപര്യങ്ങളെ ബലികഴിച്ച സർക്കാർ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.

Comments