Skip to main content
ഉറുഗ്വായിലെ പ്രശസ്ത സാഹിത്യകാരനായ എഡ്വാർഡോ ഗലാണോ ഒരിക്കൽ പറയുകയുണ്ടായി....,
" ലയണൽ മെസ്സിയെ പറ്റിയുള്ള എറ്റവും സവിശേഷമായ കാര്യം എന്താണെന്നു വെച്ചാൽ...., മെസ്സിക്ക് അറിയില്ല അയാളാണ് മെസ്സിയെന്ന്.."
ഒന്ന് ആലോചിക്കുമ്പോൾ നമുക്ക് തന്നെ മനസ്സിലാകും, ലോകത്തെ എറ്റവും മികച്ച കളിക്കാരൻ എന്ന് കോടികണക്കിന് ഫുട്ബോൾ പ്രേമികൾ അംഗീരിക്കുന്ന ഒരു സൂപ്പർസ്റ്റാർ..., മറ്റേതു സാധാരണക്കാരനെയും പോലെ തന്റെ ജോലി ചെയ്തും, ഭാര്യയും മക്കളും അടങ്ങുന്ന തന്റെ കുടുംബത്തിനു വേണ്ടി ജീവിക്കുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യാണ് എന്ന്.
സച്ചിൻ തെണ്ടുൽക്കറെയും, രാഹുൽ ദ്രാവിഡിനേയും ഒക്കെ കണ്ടു വളർന്ന നമുക്ക് ഇത് പുതുമയുള്ള ഒരു കാര്യമല്ല. എന്നാൽ ദക്ഷിണഅമേരിക്കയിലെ ദാരിദ്രാന്തരീക്ഷത്തിൽ നിന്ന് പണത്തിന്റെയും പ്രശസ്തിയുടെയും നടുവിലേക്ക് എത്തുന്ന മിക്ക സൂപ്പർ താരങ്ങളും അവരുടെതായ ഒരു ലോകത്തിൽ എത്തിച്ചേരാറുണ്ട്. എന്നാൽ മെസ്സി വളരെ വ്യതസ്തനാണ്.
പല സൂപ്പർ താരങ്ങളും വഴിപ്പെട്ടു പോകുന്ന പോലെ പ്രശസ്തിയുടെ ഹുങ്കും വെച്ച് നിശാപാർട്ടികളുടെയും ലോക സുന്ദരികളുടെയും പിന്നാലെ മെസ്സി പോയിട്ടില്ല. ഇങ്ങനെയുള്ള ഒരു മെസ്സി ഒരു അന്തർമുഖനാണോ എന്ന് പോലും കരുതുന്നവരുണ്ട്.
മെസ്സി..., മറ്റു കളിക്കാരെ കുറിച്ചോ സഹകളിക്കാരെ കുറിച്ചോ പൊതു വേദികളിൽ അനാവശ്യമായി പരാമർശിക്കുകയോ, താനാണ് ലോകത്തെ മികച്ച കളിക്കാരൻ എന്ന് ധാർഷ്ട്യത്തോടെ പറയുകയോ ചെയ്യുന്നത് നാമിതുവരെ കേട്ടിട്ടില്ല.
അഭിമുഖങ്ങളിലും മറ്റും, ലോകത്തെ എറ്റവും മികച്ച കളിക്കാരനായി താങ്കൾ വിശേഷിക്കപ്പെടുമ്പോൾ താങ്കൾക്കെന്തു തോന്നുന്നു എന്ന ചോദ്യത്തിന്.... മെസിയുടെ വിനയത്തോടെയുളള പ്രതികരണം ഇങ്ങനെയാണ്
"താനാണ് ലോകത്തെ എറ്റവും മികച്ച കളിക്കാരൻ എന്ന് തോന്നിയിട്ടില്ല..., റൊണാൾഡീഞ്ഞ്യോയെ പോലുള്ളവർ ഇന്നും കളിക്കുമ്പോൾ അങ്ങനെ തോന്നാൻ തനിക്ക് കഴിയില്ല.."
ഒപ്പം.., തന്നെ മികച്ചവനായി കരുതുന്നവരോട് അയാൾ നന്ദിയും പറയാറുണ്ട്.
തനിക്കെതിരെ ഇതിഹാസങ്ങളുടേതടക്കം വിമർശനങ്ങൾ വരുമ്പോൾ ഒരിക്കൽ പോലും ക്ഷുഭിതനാവുകയോ, അവർക്ക് വാക്കാലെയോ, മറ്റു ചെയ്തികളായോ മറുപടി കൊടുക്കുകയോ മെസ്സി ചെയ്യാറില്ല. താൻ ക്രൂശിക്കുമ്പോൾ എല്ലാം സ്വയം ഏറ്റെടുക്കുകയല്ലാതെ ഒരിക്കലും അതിനെതിരെ പ്രതികരിക്കുന്ന മെസ്സിയെ നാം കണ്ടിട്ടില്ല. ഇനി കാണുകയുമില്ല.
അതല്ല അയാളുടെ രീതി.വിമർശനങ്ങൾക്ക് കളിക്കളത്തിൽ ഇടംകാലുകൊണ്ടാണ് അദ്ദേഹം മറുപടി പറയാറ് .
നമ്മുടെ രാജ്യത്തിലും ഇതുപോലെ സമാനസ്വഭാവമുളള ഒരു കായികതാരമുണ്ട് ലിസ്റ്റിൽ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ..
മെസി ഭൂമിയിൽ പിറന്നുവീണത് ഫുട്ബോൾ കളിക്കാനാണെന്ന് അയാൾ മനസ്സിലാക്കുന്നു. അതാണയാളുടെ തൊഴിൽ. അതിനപ്പുറത്തേക്ക് അയാൾ സഞ്ചരിക്കാറില്ല.മെസ്സിയെ മറ്റുള്ള സൂപ്പർ കായികതാരങ്ങളിൽ നിന്നും 'സ്പെഷ്യൽ' ആക്കുന്നതിന്റെ ഒരു പ്രധാനകാരണം ഇതാണ്.
ലയണൽ മെസ്സി 100% ഒരു ഫുട്ബോളറാണ്. 23 പേരുള്ള ഫീൽഡും, ഒരു പന്തുമാണ് അയാളുടെ ലോകം. അവിടെ അയാൾ 'മെസ്സിയാകും'.
പന്ത് കാലിൽ കിട്ടിയാൽ.... കുറ്റിക്കാടുകളും വൻമരങ്ങളും പാറക്കെട്ടുകളും തഴുകിയൊഴുകുന്ന ഒരു നദിപോലെ ശരവേഗത്തിൽ എതിരാളികളുടെ വലയിലേക്ക് പന്തെതിക്കുന്ന അതിമനോഹര കാഴ്ച്ച ആസ്വദിക്കാൻ കഴിയാത്തവരായി ലോകത്തേത് ഫുട്ബോൾപ്രേമിയാണുളളത്..!!
കാണികളുടെ കയ്യടി വാങ്ങാൻ പ്രത്യേകിച്ചൊന്നും മെസ്സി കളത്തിൽ പ്ലാൻ ചെയ്യാറില്ല. പൂർണ്ണമായും തൽക്ഷണം സൃഷ്ട്ടിക്കുന്ന ഇംബ്രൊവൈസേഷനുകളാണ് നാം കണ്ടുവരാറുളളത്. മെസ്സി 'മെസ്സി' ആയാൽ കയ്യടികൾക്കും, ആരവങ്ങൾക്കും പഞ്ഞമുണ്ടാകാറില്ല. എന്നാൽ മെസ്സി ബോധപൂർവ്വം കയ്യടി വാങ്ങാൻ ശ്രമിക്കാറില്ല എന്നതാണ് വാസ്തവം. അയാളുടെ ദാഹം വിജയങ്ങൾക്ക് വേണ്ടി മാത്രമാണ്.
തോൽവികളലും അദ്ദേഹം മറ്റുള്ളവരെയോ സഹതാരങ്ങളേയോ പഴിചാരാറില്ല..എല്ലാം സ്വയം പേറി അയാൾ തല കുനിച്ച് തിരിഞ്ഞുനടക്കാറാണ് പതിവ്.,
ബാർസയിലെ സഹതാരം റാക്കിടിച്ച് അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ഓർമ്മയില്ലേ....
" മെസി കളികഴിഞ്ഞ് റൂമിന്റെ മൂലയിലിരുന്ന് കരയുന്നത് ഞാൻ പലതവണ കണ്ടിട്ടുണ്ട്.... അവന്റേതല്ലാത്ത കാരണത്താൽ പോലും തോറ്റാൽ.. ആ കളിയിൽ അവന് നൽകാൻ കഴിയാത്ത സംഭാവനകളെ കുറിച്ചോർത്ത്, തനിക്കു പറ്റിയ ചെറിയ ചെറിയ പിഴവുകളെ കുറിച്ചോർത്ത്...."
2014 ലോകകപ്പ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടപ്പോൾ..., ടൂർണമെന്റിലെ ബെസ്റ്റ്പ്ലയർ അവാർഡ് 'ഗോൾഡൻബോൾ' ഏറ്റുവാങ്ങുമ്പോൾ മെസ്സി സ്വയം ഉരുവിട്ടുകൊണ്ടേയിരുന്നത്...
" I am not a champion..., I am not a champion..." എന്നായിരുന്നു എന്ന് അന്ന് അടുത്തുണ്ടായിരുന്ന ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ പറഞ്ഞിരുന്നു..
ഇത്രയേ ഉള്ളൂ മെസ്സി. ഇതാണു മെസ്സി.
മെസ്സിക്ക് 31 വയസ്സ് തികഞ്ഞു. ഇനിയൊരു ലോകകപ്പിൽ ഇളംനീലയും വെള്ളയും കലർന്ന ജർസിയണിഞ്ഞ് 'നീലാകാശത്തോടൊപ്പം' അദ്ദേഹത്തെ ഇനി കാണുമോ എന്നറിയില്ല....
14 വർഷത്തെ ടോപ് ലെവൽ ഫുട്ബോൾ കൊണ്ട് ഒരു സാധാരണഫുട്ബോൾ താരത്തിന്റെ കരിയർ, മെസ്സി ജീവിച്ചു കഴിഞ്ഞു. എന്നാൽ ഇത് മെസ്സിയാണ് ആനുകാലികങ്ങളിൽ കളിക്കകളത്തിലെ അയാളുടെ ചില മാസ്മരികത കാണുമ്പോൾ മെസിയുടെ കരിയർ തുടങ്ങുന്നതേയുള്ളൂ എന്ന് തോന്നും.
കണ്ടതിലും സുന്ദരമാണ് ഇനി നാം കാണാൻ പോകുന്നത് എന്നൊരു പഴമൊഴി ശരിയാകാം. ഒരുപക്ഷെ തെറ്റാകാം. എന്നാൽ ഈ കാര്യത്തിൽ മെസ്സിയെക്കാൾ വിജ്ഞാനം എന്നെ പോലുള്ള കാണികൾക്കാകും കാരണം ലയണൽ മെസ്സിക്ക് അറിയില്ല അയാളാണ് മെസ്സി എന്ന്.....!!!
പക്ഷേ 14 വർഷം അയാളുടെ ഐതിഹാസിക യാത്ര കണ്ട എനിക്കും നിങ്ങൾക്കും അറിയാം..
'ഇതാണ് മെസ്സി......ഇയാൾ മാത്രമാണ് മെസ്സി....... ഇനിയൊരു മെസ്സി ഉണ്ടാകില്ല എന്ന് '
100 വർഷങ്ങളിൽ ഒരിക്കൽ മാത്രം കാണുന്ന വിസ്മയത്തെ ആണ് നാം ഇടക്കിടെ പച്ചപ്പുൽ മൈതാനത്ത് ദർശിക്കുന്നത്.
എന്റെ അഞ്ച് 'ബാലൻ ഡി ഓറെ' പുരസ്കാരങ്ങൾ ഞാൻ തിരിച്ചു തരാം എനിക്കൊരു ലോകകപ്പ് തരൂ എന്നു പറഞ്ഞ വ്യെക്തിഗത നേട്ടങ്ങളിൽ ആകൃഷ്ടനല്ലാത്ത ലയണൽ മെസ്സി 2018 ലോകകപ്പ് നേടിയാൽ അർജന്റീനിയൻ തെരുവുകളിലൂടെ കപ്പുമായി കാൽനടയായി കിലോമീറ്ററുകൾ പ്രയാണം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് മനസ്സുതുറന്ന അദ്ദേഹം എത്രത്തോളം ലോക കിരീടം ആഗ്രഹിക്കുന്നുണ്ടാകണം...!!!
ഫുട്ബോൾ ലോകം മെസ്സിക്ക് ഒരു സമ്മാനം കൂടി നല്കാനുണ്ട്... അതിനയാൾ നൂറു ശതമാനവും അർഹനാണെന്ന് അദ്ദേഹത്തെക്കാളേറെ ഫുട്ബോൾ ലോകത്തിനറിയാം.....
പെപ് ഗാർഡിയോള പറഞ്ഞ പോലെ
"Don't write about him. Don't describe him. Just enjoy him "
അതെ നമുക്ക് മെസ്സിയെ മതിവരുവോളം ആസ്വദിക്കാം.....
അദ്ദേഹം തന്റെ ജന്മരാജ്യത്തിനായ് ലോകകിരീടം നേടട്ടെ....
Popular posts from this blog
Comments
Post a Comment