Skip to main content
ലാലേട്ടാ,
മഹത്‌വ്യക്തികളെ കാണുമ്പോഴുള്ള പോസിറ്റീവ് എനര്‍ജിയുടെ തരംഗങ്ങള്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും അങ്ങേക്ക് ചുറ്റുമുണ്ടല്ലോ അല്ലേ? കാണും. ഒന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും ഗുജറാത്തില്‍ ഒഴുകിയ ചോരയുടെ മണം ഇപ്പോഴുമുണ്ട് രൂക്ഷമായി ഇന്നാട്ടില്‍ ജനാധിപത്യം എന്ന വാക്കിന്റെ വിലയറിയുന്ന മനുഷ്യരുടെ മൂക്കില്‍.
താങ്കളുടെ നാലു പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തെ കുറിച്ചോര്‍ത്ത് അദ്ദേഹം അത്ഭുതപ്പെട്ടില്ലേ? ആ നാലുപതിറ്റാണ്ടിനിടെയാണ്, താങ്കള്‍ താങ്കളുടെ 'ഒന്നാമന്‍' എന്ന സിനിമയുടെ തിരക്കിലായത് കൊണ്ട് അറിഞ്ഞു കാണില്ല. ഏതാണ്ട് ഒന്നൊന്നര പതിറ്റാണ്ട് മുമ്പ് - ഗുജറാത്ത് എന്ന സംസ്ഥാനത്ത് ഒരു വംശഹത്യ നടന്നിരുന്നു. മുസ്ലീങ്ങളായ ആണുങ്ങളെ മുഴുവന്‍ കൊന്നൊടുക്കി. സ്ത്രീകളെ- അതില്‍ കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ഉണ്ട്- ബലാത്‌സംഗം ചെയ്തു കൊന്നു, ഗര്‍ഭിണികളുടെ വയര്‍പിളര്‍ന്ന് ശിശുക്കളെ ശൂലത്തില്‍ കോര്‍ത്ത് അര്‍മ്മാദിച്ചു. താങ്കളറിഞ്ഞു കാണില്ല. താങ്കള്‍ കര്‍ണ്ണഭാരം എന്ന സംസ്‌കൃത നാടകം ചെയ്തിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ ആദരവോടെ ആ ഭാഷയെ കുറിച്ച് സംസാരിച്ച അതേയാളായിരുന്നു അന്ന് ഗുജറാത്ത് സംസ്ഥാനം ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പോലീസിനോട് പാവപ്പെട്ട മുസ്ലീങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ചു. പോലീസുകാര്‍ ചിരിച്ചു. കരഞ്ഞോടി അവര്‍ക്കിടയിലേയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ചെന്ന സ്ത്രീകളെ അക്രമകാരികള്‍ക്ക് മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞു കൊടുത്തു. താങ്കളെ കെട്ടിപ്പിടിച്ച് മൂന്ന് തവണ തോളില്‍ തട്ടിയ ആ കൈകള്‍ തന്നെ വീശിയായിരിക്കും അമിത് ഷായ്ക്കും ബാബു ബജ്‌രംഗിക്കും മായാ കോഡ്‌നാനിക്കുമെല്ലാം വംശഹത്യയുടെ നടത്തിപ്പ് അദ്ദേഹം പഠിപ്പിച്ച് കൊടുത്തത്.
തീര്‍ച്ചയായും താങ്കള്‍ പരിചയപെട്ട ഏറ്റവും പേഷ്യന്റ് ലിസണര്‍ ആയിരിക്കും അദ്ദേഹം. പക്ഷേ മനുഷ്യരുടെ ആര്‍ത്തനാദങ്ങള്‍ അദ്ദേഹം കേട്ടിട്ടില്ല. താങ്കളോട് ഒരു വാക്ക് പോലും രാഷ്ട്രീയം സംസാരിക്കാത്ത അദ്ദേഹത്തിന്റെ രാഷ്ട്രനിര്‍മ്മാണ കാലത്ത് എത്ര മുസ്ലീങ്ങളെ ബീഫിന്റെ പേരില്‍ തല്ലിക്കൊന്നിട്ടുണ്ട് എന്നറിയുമോ? ജുനൈദ് എന്ന പേര് താങ്കള്‍ കേട്ടിട്ടുണ്ടാകില്ല. അഖ്‌ലാഖ് എന്നും പഹ്‌ലൂഖാനെന്നും കേട്ടിട്ടുണ്ടാകില്ല. രോഹിത് വെമുല എന്ന പേര് തീര്‍ച്ചയായും കേട്ടുകാണില്ല. നിഷ്‌കളങ്കമായി അദ്ദേഹം വിസ്മയിച്ചുകൊണ്ടിരിക്കേ, ഇന്ത്യയില്‍ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നറിയുമോ, ആ നിഷ്‌കളങ്കത മറ്റൊരു മോഡിക്ക്-നീരവ് എന്ന് പേരുള്ളവന്-ഇന്ത്യന്‍ സമ്പത്തിന്റെ ഒരു ഭാഗവും കവര്‍ന്നെടുത്ത് രാജ്യം വിടാന്‍ ഒത്താശ നല്‍കിയെന്ന് അറിയുമോ? എനിക്കറിയാം താങ്കള്‍ വിജയ് മല്യ എന്നൊരാളുടെ പേര് കേട്ടുകാണുമെന്ന്. പക്ഷേ അദ്ദേഹം ഒരു സാമ്പത്തിക കുറ്റവാളിയാണെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും അറിയില്ലായിരിക്കും. തിരക്കല്ലേ താങ്കള്‍ക്ക്? അദ്ദേഹം പോകുന്നതിന് മുമ്പ് അരുണ്‍ജെയ്റ്റ്ലി എന്നൊരാളെ കണ്ട് അനുഗ്രഹം വാങ്ങിയാണ് പോയത്-ആ ജെയ്റ്റ്‌ലി കൊള്ളക്കാരുടെ തലവന്‍ അല്ലാകേട്ടോ-ശരി ജീവിതത്തില്‍ അദ്ദേഹം രാജ്യത്തിന്റെ ധനമന്ത്രിയാണ്.
നജീബ് എന്ന് കേട്ടുകാണില്ല അങ്ങ്, കഴിഞ്ഞ പതിനഞ്ച് ദിവസമായി ഗുജറാത്ത് പോലീസ് പിടിച്ചുകൊണ്ടുപോയിട്ട് കാണാതായിട്ടുള്ള സജ്ഞീവ് ഭ്ട് എന്നുള്ളയാളുടെ പേര് കേട്ടിട്ടുണ്ടോ? ഐ.പി.എസ് ഓഫീസറൊക്കെയായിരുന്നു. ഗോപിനാഥന്‍ നായര്‍ എന്നൊരു മലയാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ മകനെ കുറിച്ച് കേട്ടിട്ടേ ഉണ്ടാകില്ല. ജാവേദ് എന്ന് പേരുമാറ്റിയ പ്രണേഷ് കുമാര്‍.
ഇതെല്ലാം കേട്ടിട്ടുള്ള കുറേപേര്‍ ഉണ്ട് സര്‍. അതില്‍ ഭൂരിപക്ഷവും മുണ്ടുമടക്കി ലലേട്ടന്‍, മീശപിരിച്ചു ലാലേട്ടന്‍ എന്ന് കേള്‍ക്കുമ്പോള്‍ കോള്‍മയിര്‍ കൊണ്ടവരാണ്. അവരേയും താങ്കള്‍ക്ക് അറിയില്ലായിരിക്കും. പക്ഷേ ആ പോസിറ്റീവ് എനര്‍ജിയുടെ മൂന്നാഴ്ച നീണ്ട തരംഗത്തെ കുറിച്ച് അവരോട് പറയരുത്. അവരുടെ കണ്ണില്‍ നിന്നൊഴുകും അയാള്‍ കൊന്നുകളഞ്ഞ ജനാധിപത്യത്തിന്റെ ചോര. നിങ്ങള്‍ കെട്ടിപ്പൊക്കിയതൊക്കെ മുങ്ങിപ്പോകാന്‍ പോന്ന രക്തപ്പുഴയുണ്ടത്.
നല്ലകാര്യം പറയുമ്പോഴെന്തിനാണ് ഈ വൃത്തികെട്ട കാര്യങ്ങള്‍ എന്നല്ലേ?! ഞങ്ങള്‍ ജീവിതത്തെ കുറിച്ചാണ് പറയുന്നത് സര്‍, നിങ്ങള്‍ക്ക് വൃത്തികേടായി തോന്നും.
Sreejith Divakaran
Popular posts from this blog
Comments
Post a Comment